ശബരിമല സ്വര്‍ണ്ണ കവര്‍ച്ചാകേസില്‍ അറസ്റ്റിലായ മൂന്നാം പ്രതി ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വാസുവിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം 14 ദിവസത്തേക്ക് കൂടി കോടതി നീട്ടിയിരുന്നു. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഉന്നതനാണ് എന്‍വാസു. അതേസമയം വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പൊലീസുകാരന് എതിരെ നടപടി എടുക്കാനും സാധ്യത. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎന്‍എസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.