ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് യാതൊരു തെളിവുകളുമില്ലാതെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടായതായും അന്വേഷണം സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘം (SIT) പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ്. ഒരു ഘട്ടത്തിൽ അന്വേഷണ സംഘത്തെ പൂർണ്ണമായും മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തന്ത്രിയെ ഈ കേസിൽ മനപൂർവ്വം കുടുക്കുകയായിരുന്നു എന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്.
തന്ത്രിക്കെതിരെ ഒരു തെളിവ് പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. നിരപരാധിയായ ഒരാളെ കള്ളക്കേസിൽ കുടുക്കാൻ സർക്കാരിന്റെ അധികാരം ദുരുപയോഗം ചെയ്തതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.