തിരുവനന്തപുരം: ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും വകുപ്പിനുമെതിരെ വ്യാപക പ്രതിഷേധങ്ങളും രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.'കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകും' മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറിച്ചു.
വ്യാഴാഴ്ച 10:50നാണ് മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണത്. എന്നാല്‍ വളരെ വൈകി നടന്ന രക്ഷാപ്രവര്‍ത്തനമാണ് ബിന്ദുവിന്റെ ജീവനെടുത്തതെന്നാണ് ആക്ഷേപം.