സപ്ലൈക്കോ ഓണച്ചന്തകളിൽ ആദ്യ ദിനം തന്നെ വലിയ തിരക്ക്. സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ ജില്ലാ ഓണചന്തകൾ പ്രവർത്തനമാരംഭിച്ചു. 1800 ഓണച്ചന്തകളാണ് സംസ്ഥാനത്തൊട്ടാകെ ആരംഭിച്ചിരിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലാണ് സഹകരണ ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.
ഓണക്കാല വിലകയറ്റം തടയിടുകയാണ് ഓണചന്തകളുടെ ലക്ഷ്യം. ഇന്നലെ ആരംഭിച്ച ഓണച്ചന്തകൾ സെപ്റ്റംബര്‍ 04 വരെ 10 ദിവസമാണ് പ്രവർത്തിക്കുക. ഒരു ഉപഭോക്താവിന് ആവശ്യമുള്ള മുഴുവന്‍ സാധനങ്ങളും നല്‍കാന്‍ കഴിയുന്ന വിപണന കേന്ദ്രങ്ങളായി ഓണവിപണികളെ മാറ്റിയിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് പൊതുവിതരണ വകുപ്പ് അറിയിക്കുന്നു.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന ഏകദേശം 50 കോടി രൂപയുടെ വെളിച്ചെണ്ണ, അവയുടെ ഗുണനിലവാരം ഉറപ്പാക്കി ഓണ വിപണികളില്‍ എത്തിച്ചിട്ടുണ്ട്. സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് സബ്സിഡി നിരക്ക് ലീറ്ററിന് 339 രൂപയായും സബ്സിഡി ഇതര നിരക്ക് 389 രൂപയായും കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം മന്ത്രി ജി ആർ അനിൽ കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവര പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങിയ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സര്‍ക്കാര്‍ സബ്‌സിഡിയോട് കൂടി സപ്ലൈക്കോ നല്‍കുന്ന സബ്‌സിഡി നിരക്കിൽ വില്‍പ്പന നടത്തും.
എല്ലാ നിയോജക മണ്ഡലങ്ങളിലൂടെയും, ‘സഞ്ചരിക്കുന്ന ഓണചന്തകളാ’ണ് ഇത്തവണത്തെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഓണത്തിന് പൊതുജനങ്ങൾക്ക് നൽകുന്ന മറ്റൊരു സമ്മാനം.ഓണചന്തകളിൽ എത്തുന്ന പൊതുജനങ്ങളും തൃപ്തരായാണ് മടങ്ങുന്നത്.
ഓണവിപണിയുടെ അഴിമതിരഹിതവും, സുതാര്യവും, കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിനും, വിതരണത്തിനുമായി തയ്യാറാക്കിയിരിക്കുന്ന മാര്‍ഗ്ഗ രേഖകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെയും നിയോഗിച്ചുണ്ട് .