ഗാസ പൂര്‍ണ്ണമായും പിടിച്ചടക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ചാണ് നെതന്യാഹു പൂര്‍ണ്ണ അധിനിവേശത്തിന് സുരക്ഷാ ക്യാബിനറ്റിന്റെ അനുമതി തേടിയത്. ഇസ്രായേല്‍ സൈന്യത്തിലെ പല ഉന്നത ഉദ്യോഗസ്ഥരും പ്രതിപക്ഷവും ഗാസയെ പൂര്‍ണമായും കീഴടക്കുന്നതിനെതിരാണ്. പൂര്‍ണ്ണാധിനിവേശത്തിനുള്ള മന്ത്രിസഭാ തീരുമാനം കൂടുതല്‍ ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവുമായ യേര്‍ ലാപിഡ് പറഞ്ഞു. തീരുമാനം വരും തലമുറകളെ കൂടി ബാധിക്കുന്ന ദുരന്തമാണെന്നും ഹമാസ് ബന്ദികളാക്കിയവരെ വധശിക്ഷയ്ക്ക് വിട്ടുകൊടുക്കുന്ന തീരുമാനമാണിതെന്നും ഡെമോക്രാറ്റ് തലവനും മുന്‍ ഡെപ്യൂട്ടി സ്റ്റാഫ് ചീഫുമായ യായിര്‍ ഗോലാന്‍ പറഞ്ഞു. സൗദി , തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും തീരുമാനത്തെ ശക്തമായി അപലപിച്ചു.