എന്‍എച്ച് 66ന്റെ നിര്‍മാണം അതിന്റെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പറഞ്ഞേ പറ്റൂ എന്ന ഹാഷ്ടാഗില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ദേശീയപാത നിര്‍മ്മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ല എന്ന മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ വീഡിയോ.
എന്‍ എച്ച് 66 ലോകത്തെവിടെയുമുള്ള മലയാളിയുടെ സ്വപ്‌ന പദ്ധതിയാണ്. വാഹനപ്പെരുപ്പം മൂലം വീര്‍പ്പ് മുട്ടുന്ന കേരളത്തില്‍ ആശ്വാസ പദ്ധതിയാണിത്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയും ചില നിലപാടുകള്‍ സൂചിപ്പിച്ചു കഴിഞ്ഞു. എന്‍എച്ച്എഐയുടെ എക്‌സ്പേര്‍ട്ട് ടെക്‌നിക്കല്‍ ടീം ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. അതിനു ശേഷം വരുന്ന റിപ്പോര്‍ട്ട് വച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളത് സംസ്ഥാന സര്‍ക്കാര്‍ പറയും – മന്ത്രി വ്യക്തമാക്കി. നിര്‍മാണവുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങള്‍ പരിശോധിച്ച് ആശങ്കയകറ്റണമെന്നും ദേശീയപാത 66 ന്റെ നിര്‍മാണം നമുക്ക് പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം വിഷയം വന്ന ഘട്ടത്തിലും രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കങ്ങളാണ് കേരളത്തില്‍ യുഡിഎഫ് നടത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബിജെപിയുടെ ചില നേതാക്കളും ഇതേ നിലപാടെടുത്തു. ഇവര്‍ രണ്ടുപേരും സംസ്ഥാന സര്‍ക്കാരിനെ അക്രമിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് – മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനെതിരെ വിഷയത്തില്‍ വാളോങ്ങുന്നതിനെതിരെയും അദ്ദേഹം സംസാരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ പദ്ധതി നടപ്പാകുമായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതക്കായി സംസ്ഥാന സര്‍ക്കാര്‍ പണം ചെലവിട്ട രാജ്യത്തെ ഏക പദ്ധതി. പദ്ധതി നടപ്പിലാക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി. സാധ്യമാവില്ലെന്ന് കരുതിയത് എല്‍ഡിഎഫ് നടപ്പാക്കുന്നു. പന്ത്രണ്ടായിരം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കി. യുഡിഎഫിന്റെ കെടുകാര്യസ്ഥതയില്‍ നിന്നു പോയ പദ്ധതിയാണിത് – മന്ത്രി വ്യക്തമാക്കി.
യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം പിഴ അടയ്ക്കുന്നത് പോലെയാണ് നാം വലിയൊരു തുക അടച്ചതെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്തരമൊരു നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതിനെ കുറിച്ച് പറയണ്ട, അതിനെ വിമര്‍ശിക്കുകയാണ് യുഡിഎഫും ബിജെപിയും. കേരളത്തിന്റെ മുഖ്യമന്ത്രി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ ഇടക്കിടെ നടത്തി. കേന്ദ്രമന്ത്രി ഉള്‍പ്പടെ നിരവധി പേര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ പ്രശംസിച്ചു. ഇതൊക്കെ അറിയുന്ന കാര്യമാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാരിന് ഇതിനെന്താണ് റോള്‍ എന്നാണ് ചിലര്‍ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചിലവിട്ട തുക തേച്ചു മായ്ച്ചു കളയാവുന്നതാണോ? – മന്ത്രി ചോദിച്ചു.
റീല്‍ മന്ത്രിയെന്ന പരിഹാസത്തിനും മന്ത്രി മറുപടി നല്‍കി. ഇത് തങ്ങളുടേതാക്കി മാറ്റാന്‍ റീല്‍സിട്ട് നടക്കുകയാണെന്ന് ചിലര്‍ പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പുതിയ കാലത്തെ സംവിധാനമായ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഞങ്ങളുടെ പ്രസ്ഥാനം തന്നെ ഇത്തരത്തില്‍ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആ റീല്‍സ് ജനങ്ങള്‍ ഏറ്റെടുക്കുന്നു. അത് നിങ്ങള്‍ക്ക് തലവേദനയാണെന്നറിയാം. അതുകൊണ്ട് എത്ര പരിഹസിച്ചാലും ഇനിയുള്ള ഒരു വര്‍ഷം വികസന പ്രവര്‍ത്തനത്തിന്റെ റീല്‍സിടല്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം ഞങ്ങള്‍ അവസാനിപ്പിക്കും എന്ന് വ്യാമോഹിക്കേണ്ട. റീല്‍സ് ഇടല്‍ തുടരും – മന്ത്രി വ്യക്തമാക്കി.