ലൈംഗിക ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും പാർട്ടി നേതൃത്വം തീരുമാനിച്ചു. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാജി ഒഴിവാക്കി സസ്പെൻഷൻ നടപടിയിൽ ഒതുക്കിയത്.
മുതിർന്ന നേതാക്കളുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് പാർട്ടി ഈ തീരുമാനത്തിലെത്തിയത്. സസ്പെൻഷൻ കാലയളവിൽ നിയമസഭാ സമ്മേളനങ്ങളിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിനെ ഒഴിവാക്കി നിർത്തും. കൂടാതെ, അദ്ദേഹത്തോട് അവധിയെടുക്കാൻ പാർട്ടി ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. വരുന്ന തെരഞ്ഞെടുപ്പുകളിൽ രാഹുലിനെ മത്സരിപ്പിക്കേണ്ടതില്ലെന്നും പാർട്ടി തലത്തിൽ ധാരണയായിട്ടുണ്ട്.
കെപിസിസി എടുക്കുന്ന ഏത് തീരുമാനവും എല്ലാ കോൺഗ്രസ് പ്രവർത്തകരും അംഗീകരിക്കുമെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എ. സുരേഷ് കുമാർ പ്രതികരിച്ചു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കെപിസിസി ഒരു അന്വേഷണ കമ്മീഷനെ വെക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.