Share this Article
News Malayalam 24x7
സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ നല്ലത് ആര് ചെയ്താലും അംഗീകരിക്കും, മോശം കണ്ടാല്‍ വിമര്‍ശിക്കും; അത്‌ എന്റെ രീതിയെന്ന് ശശി തരൂര്‍
വെബ് ടീം
posted on 15-02-2025
1 min read
shashi tharoor

തിരുവനന്തപുരം: തന്റെ ലേഖനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സംസ്ഥാന സര്‍ക്കാരോ കേന്ദ്രസര്‍ക്കാരോ നല്ലത് ചെയ്താല്‍ അത് അംഗീകരിക്കുകയും മോശം കാര്യമാണെങ്കില്‍ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് തന്റെ രീതിയെന്ന് ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.വസ്തുതയുടെ അടിസ്ഥാനത്തിലും രേഖകള്‍ ഉദ്ധരിച്ചും തീയതികളും അക്കങ്ങളും ഉള്‍പ്പടെയാണ് ലേഖനം എഴുതിയത്. ഗ്ലോബല്‍ സ്റ്റാര്‍ട്ട് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ കണ്ടത്. സര്‍ക്കാരില്‍ നിന്നുള്ള വിവരമല്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ നോക്കിയിട്ടും സ്റ്റാര്‍ട്ട്അപ്പുകളുടെ വാല്യുവേഷന്‍ നോക്കിയിട്ടും തിരുവനന്തപുരത്ത് നടന്ന ഹഡില്‍ ഗ്ലോബലില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് താന്‍ ലേഖനം എഴുതിയതെന്ന് ശശി തരൂര്‍ വ്യക്തമാക്കുന്നു."കേരളത്തിന്റെ ഭാവിയെ കുറിച്ച് ഗൗരവത്തോടെയാണ് കാണുന്നതെങ്കില്‍ ചിലകാര്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി കാണണം. കേരളീയര്‍ രാഷ്ട്രീയം കൂടുതല്‍ കണ്ടിട്ടുണ്ട്. അതുപോലെ വികസനം കാണണം എങ്കില്‍ നമ്മള്‍ എല്ലാത്തിലും ഒരുപോലെ ചിന്തിച്ച് മുന്നോട്ട് പോവണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ മാനിഫെസ്റ്റോ കമ്മറ്റിക്ക് നേതൃത്വം നല്‍കുമ്പോള്‍, നമ്മുടെ കേരളത്തില്‍ കുട്ടികളുടെ ഭാവിക്ക് വേണ്ടി നിക്ഷേപവും സ്റ്റാര്‍ട്ടപ്പുകളും സംരംഭകത്വവും ആവശ്യമാണെന്നാണ് ഞാന്‍ പറഞ്ഞത്‌. എല്‍ഡിഎഫ് സര്‍ക്കാരിന് ചെയ്യാന്‍ കഴിവില്ല എന്നാണ് ഞാന്‍ ആ കാലത്ത് വിചാരിച്ചത്. അത് മാത്രമല്ല. നമ്മള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് വരെ കേരളം ഇക്കാര്യത്തില്‍ 29 സംസ്ഥാനങ്ങളുടെ റാങ്കിങ്ങില്‍ 28-ാം സ്ഥാനത്തായിരുന്നു. 28 സംസ്ഥാനമായിരുന്നപ്പോള്‍ 26-ാം സ്ഥാനത്തായിരുന്നു.""അമേരിക്കയിലും സിംഗപുരിലും പുതിയ വ്യവസായം തുടങ്ങാന്‍ മൂന്ന് ദിവസം മതി. ഇന്ത്യയില്‍ ശരാശരി 114 ദിവസം വേണം. കേരളത്തിലത് 236 ദിവസാണ് എന്നായിരുന്നു മുമ്പ് എനിക്ക് ലഭിച്ച കണക്കുകള്‍. എന്നാല്‍ അടുത്തിടെ മന്ത്രി രാജീവിന്റെ പ്രസംഗത്തില്‍ ഇന്ന് കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ രണ്ട് മിനിറ്റ് മതിയെന്ന് കേട്ടു. അത് പെരുപ്പിച്ച് പറഞ്ഞതല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കപ്പെടണം.""ഞാന്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട ഓരോരോ കാര്യങ്ങള്‍ 18 മാസത്തില്‍ കേരള സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് അതുപോലെ തന്നെ പോവണം എന്ന് ഞാന്‍ കയ്യടിച്ച് പറയും. എങ്കിലും ചിലര്‍ പറയുന്നുണ്ട് ഇവര്‍ ഭരിക്കുമ്പോള്‍ ചെയ്യാന്‍ തയ്യാറായിരിക്കും അടുത്ത വര്‍ഷം ഇലക്ഷന്‍ തോറ്റാല്‍ ഇതേ ആളുകള്‍ തന്നെ ഇത് തടസപ്പെടുത്തി ചുവന്ന കൊടി കാണിക്കുമെന്ന്. അത് ചെയ്യരുത്. എല്ലാ പാര്‍ട്ടികളും ഈ കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അത് ആര് ഭരിക്കുകയാണെങ്കിലും. കേരളത്തിന് ഇതാണ് ആവശ്യം. നിക്ഷേപം അത്യാവശ്യമാണ്. വികസനം അത്യാവശ്യമാണ്."കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാലും ഇത് തുടരണമെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും. ഇപ്പോള്‍ ഭരിക്കുന്നവര്‍ അന്ന് എതിര്‍ക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories