Share this Article
News Malayalam 24x7
ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; രാജ്യത്ത് ആദ്യം
വെബ് ടീം
posted on 08-08-2023
1 min read
UNIFORM CIVIL CODE KERALA ASSEMBLY

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സർക്കാർ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. 

ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നത്. ഇതു വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുന്നു. ഈ ആശങ്ക കേരള നിയമസഭയും പങ്കുവയ്ക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു. ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗീയ നീക്കമാണ് ഏക സിവിൽ കോഡ് എന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ ഏത് നീക്കം നടത്തുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും കേരള നിയമസഭ ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. 

ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന ഏകീകൃത സിവില്‍ കോഡ് വേണോ വേണ്ടയോ എന്നതേയല്ല സംഘപരിവാര്‍ ഇതു ചര്‍ച്ചയാക്കുന്നതിനു പിന്നിലെ അജണ്ടയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനയില്‍ പറയുന്ന പൊതു സിവില്‍ നിയമമല്ല, സംഘപരിവാറിന്റെ മനസ്സിലുള്ള പൊതു സിവില്‍ നിയമം. അതു മനുസ്മൃതി പ്രകാരമുള്ള ഒരു നിയമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories