വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട് എന്നിവടങ്ങളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ഒൻപത് ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെയും സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴയ്ക്കൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴ പെയ്യുന്ന മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
ശക്തമായ കാറ്റിനും കടുപ്പമേറിയ കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട് . തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും തദ്ദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.