Share this Article
News Malayalam 24x7
കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Kafir Screenshot Case

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ വടകര മണ്ഡലത്തിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്കും സാമുദായിക ധ്രുവീകരണ ശ്രമങ്ങൾക്കും വഴിവെച്ച 'വ്യാജ കാഫിർ സ്ക്രീൻഷോട്ട്' പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷയിന്മേൽ വിധി പ്രസ്താവിക്കുന്നത്. ഇതോടൊപ്പം കേസിൽ പ്രതി ചേർക്കപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം തേടി മറ്റൊരു ഡി.വൈ.എഫ്.ഐ നേതാവും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ റിബേഷ് രാമകൃഷ്ണൻ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.


ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി മുൻ അംഗമായ ജിതിൻ ഭാസ്കർ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിഞ്ഞുവരികയാണ്. കഴിഞ്ഞ ദിവസം കോടതി ഇദ്ദേഹത്തിന്റെ റിമാൻഡ് കാലാവധി വീണ്ടും നീട്ടിയിരുന്നു. ജാമ്യാപേക്ഷയിൽ പ്രൊസിക്യൂഷനും പ്രതിഭാഗവും തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. കേസിലെ ഏറ്റവും നിർണ്ണായക തെളിവായ തന്റെ മൊബൈൽ ഫോൺ ജിതിൻ മനപ്പൂർവ്വം റീസെറ്റ് ചെയ്തുകൊണ്ട് ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിനാൽ യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്നുമാണ് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും കേസിന്റെ പേരിൽ തന്നെ വേട്ടയാടുകയാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.


അതിനിടെ, ഈ കേസിൽ കഴിഞ്ഞ ദിവസം വലിയ വഴിത്തിരിവാണ് ഉണ്ടായത്. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചത് താനല്ലെന്ന് ബോധ്യപ്പെടുത്താൻ നിരപരാധിത്വം തെളിയിക്കാൻ മൂന്ന് ഫോണുകളുമായി അന്വേഷണ സംഘത്തിന് മുന്നിലെത്തിയ എം.എസ്.എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിമിനെ പ്രത്യേക അന്വേഷണസംഘം (SIT) പൂർണ്ണമായി പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. കാസിം നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്.ഐ.ടി സമർപ്പിച്ചത്. മുൻപ് സി.പി.എം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കാസിമിനെ പ്രതി ചേർത്തിരുന്നത്.


തുടർന്ന് സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വരികയും ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ഊർജ്ജിതമായ അന്വേഷണത്തിനായി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തതോടെയാണ് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. 'വടകര സ്ക്വാഡ്' എന്ന ഇടതുപക്ഷ സൈബർ കൂട്ടായ്മയിലാണ് ഈ വ്യാജ സ്ക്രീൻഷോട്ട് ആദ്യമായി പ്രചരിപ്പിക്കപ്പെട്ടതെന്ന് കണ്ടെത്തുകയും ഇതിന്റെ അഡ്മിനായ ജിതിൻ ഭാസ്കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജിതിൻ നിർമ്മിച്ച സ്ക്രീൻഷോട്ട് പിന്നീട് മറ്റൊരു ഗ്രൂപ്പായ 'റെഡ് എൻകൗണ്ടറിൽ' ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ പോസ്റ്റ് ചെയ്തതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ഭയന്ന് റിബേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കോഴിക്കോട് സെഷൻസ് കോടതിയുടെ ഇന്നത്തെ വിധിയെ രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories