Share this Article
News Malayalam 24x7
അയോധ്യ സംഭാവന തട്ടിപ്പ് കേസ്; സംഭാവന കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
Ayodhya Fund Investigation

അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വൻ സാമ്പത്തിക ക്രമക്കേടിൽ നിർണ്ണായക തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ചു. ക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ സംഭാവനകൾ പ്രതികൾ കടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അഞ്ച് പ്രതികളുടെ ദൃശ്യങ്ങളാണ് ഇതിലുള്ളതെന്നും ഇവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു.

സംഭാവനയായി ലഭിച്ച പണവും മറ്റ് മൂല്യവസ്തുക്കളും കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസിന്റെ ഭാഗമായി അയോധ്യയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ബ്രാഞ്ച് മാനേജരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ബാങ്ക് അക്കൗണ്ടുകൾ വഴി മാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനാണ് മാനേജരെ ചോദ്യം ചെയ്തത്.


അതിനിടെ, അയോധ്യ തട്ടിപ്പ് കേസിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെയും വിദേശത്തെയും കോടിക്കണക്കിന് ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ തട്ടിപ്പാണിതെന്നും ഇതിൽ സുതാര്യമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. 200 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. വിദേശത്ത് നിന്നും ഡോളർ രൂപത്തിൽ ലഭിച്ച സംഭാവനകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.


രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ നിർണ്ണായക യോഗം വരുന്ന തിങ്കളാഴ്ച ചേരും. തട്ടിപ്പ് വിവാദത്തിൽ ഉൾപ്പെട്ട ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവർ പദവികളിൽ തുടരണമോ എന്ന കാര്യം യോഗത്തിൽ തീരുമാനിക്കും. ചമ്പത് റായ് നേരത്തെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ നിലനിർത്താനാണ് സംഘപരിവാർ സംഘടനകളുടെ താല്പര്യം. ട്രസ്റ്റിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്ന വിമർശനം ഇതിനകം ശക്തമായിട്ടുണ്ട്.


കേസിലെ പ്രധാന പ്രതിയായ അവിനാഷ് ശുക്ലയുടെ അനധികൃതമായി നിർമ്മിച്ച വീട് പൊളിച്ചുനീക്കാൻ ഉത്തർപ്രദേശ് സർക്കാർ നോട്ടീസ് നൽകി. തട്ടിപ്പ് പണം ഉപയോഗിച്ചാണ് ഈ ആഡംബര വീട് നിർമ്മിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories