Share this Article
News Malayalam 24x7
അദാനിയുടെ നടപടിയില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍; വിഴിഞ്ഞം ഓഹിരി കൈമാറ്റം
Vizhinjam Port

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള കപ്പൽ ഗതാഗത ഭീമനായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിക്ക് (എം.എസ്.സി) കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാർ നിയമോപദേശം തേടും. ഓഹരി കൈമാറ്റത്തിന് അനുമതി തേടി അദാനി പോർട്സ് സമർപ്പിച്ച അപേക്ഷയിൽ അതിവേഗത്തിൽ തീരുമാനമെടുക്കില്ലെന്നും കരാർ വ്യവസ്ഥകൾ പൂർണ്ണമായും പരിശോധിച്ചതിന് ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നുമാണ് സർക്കാർ നിലപാട്.

തുറമുഖത്തിന്റെ 25 ശതമാനത്തിലധികം ഓഹരികൾ കൈമാറുന്നത് ഉടമസ്ഥാവകാശ മാറ്റമായിട്ടാണ് നിലവിലെ കൺസഷൻ കരാർ പ്രകാരം കണക്കാക്കുന്നത്. അതിനാൽ പകുതിയോളം (49%) ഓഹരികൾ മറ്റൊരു കമ്പനിക്ക് കൈമാറുമ്പോൾ സംസ്ഥാന സർക്കാരിന്റെ രേഖാമൂലമുള്ള മുൻകൂർ അനുമതി അനിവാര്യമാണ്. എന്നാൽ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി നേടുന്നതിന് മുൻപ് തന്നെ അദാനി പോർട്സ് ഓഹരി കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാക്കി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) കത്ത് നൽകിയിരുന്നു. ഈ നടപടി കരാർ ലംഘനത്തിന്റെ പരിധിയിൽ വരുമോ എന്ന കാര്യത്തിലാണ് സർക്കാർ പ്രധാനമായും നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടുന്നത്.


വിഷയം കൂടുതൽ പഠിക്കുന്നതിനായി നിയമോപദേശത്തിന് പുറമെ വിവിധ മേഖലകളിലെ വിദഗ്ദ്ധരടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. ദേശീയ സുരക്ഷ, പൊതുതാൽപര്യം എന്നിവ മുൻനിർത്തി ഓഹരി കൈമാറ്റ കരാറുകളിൽ ഉചിതമായ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് വ്യവസ്ഥകളുണ്ട്. കൂടാതെ ഇത്തരം അപേക്ഷകളിൽ തീരുമാനമെടുക്കുന്നതിനായി സർക്കാരിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.


അതേസമയം, ഈ വിഷയത്തെ യു.ഡി.എഫ് സർക്കാരിനെതിരെയുള്ള വലിയ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടതുപക്ഷ പ്രതിപക്ഷം നീക്കം നടത്തുന്നത്. സർക്കാരിന്റെ അനുമതി വാങ്ങാതെ നടത്തിയ ഓഹരി കൈമാറ്റം ഗുരുതരമായ ചട്ടലംഘനമാണെന്നും, ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ കുത്തകവൽക്കരണത്തിന് വഴിതെളിക്കുമെന്നും സി.പി.എം ആരോപിച്ചു.


എന്നാൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങളും സുരക്ഷയും പൂർണ്ണമായി സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കപ്പൽ ഗതാഗത രംഗത്തെ ആഗോള നിക്ഷേപങ്ങൾ വിഴിഞ്ഞത്തിന്റെ വലിയ സാധ്യതകൾക്ക് വഴിയൊരുക്കുമെങ്കിലും കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കങ്ങൾ അനുവദിക്കില്ലെന്നാണ് സർക്കാരിന്റെ കർശന നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories