Share this Article
News Malayalam 24x7
അമ്മ തർക്കം മുറുകുന്നു; ജയന്‍ ചേര്‍ത്തലയും കൈലാഷും രാജിവെച്ചു
AMMA Association Dispute

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യിൽ (AMMA) ആഭ്യന്തര കലഹവും ഭരണ പ്രതിസന്ധിയും കൂടുതൽ സങ്കീർണ്ണമാകുന്നു. താൻ സംഘടനയിൽ നിന്നും പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെക്കില്ലെന്ന് ശ്വേത മേനോൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ, മുൻ ഭരണസമിതി അംഗങ്ങളായ നടന്മാരായ ജയൻ ചേർത്തല, കൈലാഷ്, ജോയ് മാത്യു എന്നിവർ തങ്ങളുടെ സ്ഥാനങ്ങൾ ഔദ്യോഗികമായി രാജിവെച്ചു. സംഘടനയുടെ ഔദ്യോഗിക ഇ-മെയിൽ വഴിയാണ് മൂവരും തങ്ങളുടെ രാജിക്കത്തുകൾ സമർപ്പിച്ചത്.

കഴിഞ്ഞ ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കത്തുകൾ ഔദ്യോഗികമായി നൽകാത്തത് സംഘടനയിൽ വലിയ നിയമക്കുഴപ്പങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ശ്വേത മേനോൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 'അമ്മ'യെ അനാഥമാക്കിയിട്ടില്ലെന്നും പറഞ്ഞ ശ്വേത, തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് വ്യക്തമാക്കി.


തനിക്കെതിരെ ജനറൽ ബോഡിയിൽ ചില അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ആവശ്യമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ലെന്നും അതിനാൽ അതിന് നിയമസാധുതയില്ലെന്നുമാണ് ശ്വേത വാദിക്കുന്നത്. കൂടാതെ, നിലവിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റി പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ശ്വേത ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 'അമ്മ'യുടെ ബൈലോ പ്രകാരം അഡ്‌ഹോക്ക് കമ്മിറ്റിയെന്നൊരു സംവിധാനമില്ലെന്നും, മുൻപ് മോഹൻലാലിന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ പഴയ കമ്മിറ്റി തന്നെയാണ് ഭരണം തുടർന്നതെന്നും ശ്വേത ചൂണ്ടിക്കാട്ടി. തങ്ങളുടെ കമ്മിറ്റിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ഈ നിയമം അടിച്ചേൽപ്പിക്കുന്നതെന്നും അവർ ചോദിച്ചു.


അതേസമയം, ശ്വേത മേനോന്റെ നിലപാട് മാറ്റത്തിന് പിന്നാലെയാണ് മുൻപ് പ്രഖ്യാപിച്ച രാജിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി മറ്റ് മൂന്ന് താരങ്ങൾ ഔദ്യോഗികമായി കത്ത് നൽകിയത്. പുതിയ ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ടാണ് സംഘടന ഇന്ന് പൊതുജനങ്ങൾക്ക് മുന്നിൽ അപഹാസ്യരായതെന്ന് ജോയ് മാത്യു തന്റെ രാജിക്കത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. വൈസ് പ്രസിഡന്റായിരുന്ന ജയൻ ചേർത്തല, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായിരുന്ന ജോയ് മാത്യു, കൈലാഷ് എന്നിവരുടെ രാജി സ്ഥിരീകരിച്ചതോടെ നിലവിൽ മൂന്ന് പേരുടെ ഔദ്യോഗിക രാജി മാത്രമാണ് ലഭിച്ചിട്ടുള്ളത്.


നേരത്തെ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസൻ ഉന്നയിച്ച ചില ആരോപണങ്ങളെത്തുടർന്നാണ് സംഘടനയിൽ ഭിന്നത രൂക്ഷമായത്. ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ ഔദ്യോഗികമായി രാജിക്കത്ത് നൽകാത്തതിനാൽ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ രമേഷ് പിഷാരടിയും അംഗമായ കെ.ബി. ഗണേഷ് കുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനും ഒരു വിഭാഗം മുൻ ഭാരവാഹികൾ നീക്കം നടത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories