Share this Article
KERALAVISION TELEVISION AWARDS 2025
സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് നേതൃത്വത്തിൽ ഇന്ന് ചർച്ച
Kerala Congress Crisis

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ന് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ ചർച്ച നടക്കും. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഹൈക്കമാൻഡ് നേതാക്കളെ ഒറ്റയ്ക്ക് കാണുകയും അവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം പരിഹാരം കണ്ടെത്താനുമാണ് ലക്ഷ്യമിടുന്നത്. രാവിലെ 11 മണിയോടെയാണ് ചർച്ചകൾ ആരംഭിക്കുക.


സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടനയ്ക്ക് ശേഷം ചില ചെറിയ പിണക്കങ്ങളും പ്രശ്നങ്ങളും നിലനിന്നിരുന്നു. പ്രത്യേകിച്ച് കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവരുൾപ്പെടെയുള്ള ചില ഗ്രൂപ്പുകൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി ഉയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിലും പുതിയ പ്രസിഡന്റായി ഒ.ജെ. ജനീഷിനെ കൊണ്ടുവന്നതിലും തർക്കങ്ങൾ നിലവിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനും ചെറിയ തരത്തിലുള്ള പിണക്കങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.


ഈ പ്രശ്നങ്ങളെല്ലാം സംസ്ഥാനത്തിനകത്ത് ചർച്ച ചെയ്ത് പരിഹരിക്കുന്നതിനേക്കാൾ നല്ലത് ഹൈക്കമാൻഡ് നേരിട്ട് ഇടപെടുന്നതാണെന്ന ധാരണയിലാണ് ഡൽഹിയിലേക്ക് ചർച്ച മാറ്റിയത്. രാഹുൽ ഗാന്ധിയുമായിട്ടായിരിക്കും പ്രധാന ചർച്ചകൾ നടക്കുക. ഈ കൂടിക്കാഴ്ചയിലൂടെ നിലവിലുള്ള എല്ലാ പ്രശ്‌നങ്ങൾക്കും ഒരു പരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരള നേതാക്കൾ.


അടുത്ത തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണ്ണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഒരു മാനദണ്ഡം പ്രഖ്യാപിക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യമുള്ളവരെയും പ്രവർത്തന രംഗത്ത് മികവ് തെളിയിച്ചവരെയും സ്ഥാനാർത്ഥികളാക്കിയാൽ മതിയെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. കെ.സി. വേണുഗോപാലിനായിരിക്കും ഈ കാര്യങ്ങളുടെ ചുമതല. സംസ്ഥാന സെക്രട്ടറിമാരുടെയും കെപിസിസി ഭാരവാഹികളുടെയും പുതിയ ലിസ്റ്റ് കൂടി പുറത്തുവരുന്നതോടെ കോൺഗ്രസിനകത്തെ പ്രതിസന്ധികൾക്ക് അയവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിപാദാസ് മുൺഷിയുടെ ഇടപെടലുകളാണ് ഹൈക്കമാൻഡ് ചർച്ചയ്ക്ക് തയ്യാറാകുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories