കൊച്ചി: രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന ഒരു മലയാളി വ്യവസായി എന്നതിലുപരി ചിരിയങ്കണ്ടത്ത് ജോസഫ് റോയ് എന്ന സി.ജെ റോയ് കേരളത്തിലെ ഒട്ടുമിക്ക മേഖലകളിലും തന്റേതായ സാന്നിധ്യം അറിയിച്ച വ്യക്തിയായിരുന്നു. പ്രമുഖനായ ഒരു ബിൽഡർ എന്ന വലിയ മേൽവിലാസം ഉള്ളപ്പോൾ തന്നെ പ്രസിദ്ധമായ നിരവധി ടെലിവിഷൻ ഷോകൾ സ്പോൺസര്‍ ചെയ്യുകയും, ശ്രദ്ധേയമായ നിരവധി സിനിമകൾ നിര്‍മിക്കുകയും ചെയ്ത സിജെ റോയ് തിളങ്ങി നിൽക്കുന്ന വ്യക്തിത്വം ആയിരുന്നു. കായിക രംഗത്തും സിജെ റോയ് നിക്ഷേപങ്ങളും സ്പോൺസര്‍ഷിപ്പുകളും നടത്തിയിരുന്നു. അങ്ങനെ കേരളമെങ്ങും അറിയുന്ന വലിയ പേരായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പും സിജെ റോയിയും.
ബെംഗളൂരുവിൽ ജനിച്ച് വളർന്ന്, വിദേശത്ത് വിദ്യാഭ്യാസം പൂർത്തിയാക്കി, കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിലെ ജോലി ഉപേക്ഷിച്ചാണ് ഡോ. സി.ജെ. റോയ് സംരംഭകത്വത്തിലേക്ക് കടന്നുവന്നത്.2006-ൽ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുമ്പോൾ ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. എന്നാൽ കടബാധ്യതകളില്ലാത്ത ബിസിനസ് മോഡൽ എന്ന തനതായ ശൈലിയിലൂടെ അദ്ദേഹം ഗ്രൂപ്പിനെ വിജയപഥത്തിലെത്തിച്ചു. 165-ലധികം വൻകിട പദ്ധതികളും 15,000-ത്തിലധികം ഉപഭോക്താക്കളും ഇന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ കരുത്താണ്.
റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്. റിയൽ എസ്റ്റേറ്റിന് പുറമെ ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, വ്യോമയാനം, അന്താരാഷ്ട്ര വ്യാപാരം എന്നീ മേഖലകളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിച്ചു.
സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണത്തിലും സി. ജെ റോയ് സജീവമായിരുന്നു. ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന 'അനോമി' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു സി.ജെ റോയ്.മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത 'ലേഡീസ് ആൻഡ് ജന്റിൽമാൻ' എന്ന ചിത്രവും സി.ജെ റോയ് നിർമ്മിച്ചു. 2013 ലായിരുന്നു ചിത്രം പുറത്തറിങ്ങിയത്.വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കിയ സുരേഷ് ഗോപി ചിത്രം 'മേം ഹൂം മൂസ' എന്ന ചിത്രവും, മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം 'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളിത്തവും സി.ജെ റോയ് നിർവഹിച്ചിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങി, ടൊവിനോ തോമസ് നായകനായെത്തിയ 'ഐഡന്റിറ്റി' എന്ന ചിത്രവും സി.ജെ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പായിരുന്നു നിർമ്മിച്ചത്.സിനിമ നിർമ്മാണം കൂടാതെ ടെലിവിഷൻ രംഗത്തും സി.ജെ റോയ് സജീവമായിരുന്നു. ബിഗ് ബോസ് കന്നഡ സീസൺ 11 സ്പോൺസർ ചെയ്തത് കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു, കൂടാതെ സ്റ്റാർ സുവർണ്ണയുടെ സ്റ്റാർ സിംഗർ മ്യൂസിക് റിയാലിറ്റി ഷോയും കോൺഫിഡന്റ് ഗ്രൂപ്പ് ആയിരുന്നു സ്പോൺസർ ചെയ്തിരുന്നത്.
അടുത്ത കാലത്ത് ബിഗ് ബോസ് മലയാളം സീസണ്‍ 7 റണ്ണറപ്പ് അനീഷ് ടി എയ്ക്ക് 10 ലക്ഷത്തിന്‍റെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചാണ് കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് ഞെട്ടിച്ചത് . ബിഗ് ബോസ് മലയാളത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരില്‍ ഒരാളായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ആണ് ടൈറ്റില്‍ വിജയിയുടെ സമ്മാനത്തുക നല്‍കുന്നത്. റോയ് സി ജെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബെംഗളൂരുവിലെ സർജാപൂർ ഒരു ഐടി ഹബ്ബാകുമെന്ന് കണക്കുകൂട്ടിയ റോയ് വലിയ തോതിൽ ഭൂമി ഏറ്റെടുത്ത് വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റി.ദുബായ് വിപണിയിൽ വായ്പകൾക്കും ഡൗൺ പേയ്‌മെന്റുകൾക്കും പുതിയ മാതൃകകൾ അവതരിപ്പിച്ച് റെക്കോർഡ് വിൽപ്പന നടത്തി. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.ബിസിനസ് തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും തന്റെ ഹോബിയായ ആഡംബര കാർ ശേഖരണത്തിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ഓരോ ആഡംബര കാറിനെയും ഒരു നിക്ഷേപമായി കാണുന്ന അദ്ദേഹത്തിന്റെ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്റെ വിജയങ്ങൾക്ക് പിന്നിൽ ഭാര്യ ലിനി റോയിയുടെയും മക്കളായ രോഹിത്, റിയ എന്നിവരുടെയും പിന്തുണയുണ്ടെന്ന് അദ്ദേഹം എപ്പോഴും വിശ്വസിച്ചിരുന്നു.ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു സി ജെ റോയ്.
ബംഗളൂരുവിൽ ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.