തൊടുപുഴ: ഇടുക്കി ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് മക്കളെയും വീട്ടിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീക്കൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന്(73) വധശിക്ഷ. തൊടുപുഴ ഒന്നാം അഡീഡഷൽ സെഷൻസ് കോടതിയുടെതാണ് വിധി. ജഡ്ജി ആഷ് കെ. ബാൽ ആണ് വിധി പറഞ്ഞത്.
2022 മാർച്ചിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. സമാനതകളില്ലാത്ത കൊലപാതകമാണിതെന്നാണ് കോടതി നിരീക്ഷിച്ചത്.പ്രതിയുടെ പ്രായവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കണം എന്ന് പ്രതിഭാഗം വാദിച്ചു. 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.ചീനിക്കുഴി സ്വദേശി അബ്ദുൽ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെയാണ് ഫൈസലിന്റെ പിതാവ് കൊലപ്പെടുത്തിയത്. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം അടച്ച ശേഷം കൃത്യമായ ആസൂത്രണത്തോടെ ഹമീദ് വീടിന് തീയിടുകയായിരുന്നു.
മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു.