കിഴക്കൻ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്‌ഷെയറിൽ ട്രെയിനിലുണ്ടായ കത്തിക്കുത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തെത്തുടർന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റവരിൽ ഒൻപത് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ബ്രിട്ടീഷ് സമയം വൈകുന്നേരം 6:25-ഓടെയാണ് സംഭവം നടന്നത്. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്സ് ക്രോസിലേക്കുള്ള ട്രെയിനിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, ആക്രമണത്തിൻ്റെ ഉദ്ദേശ്യമോ ഇരകളും പ്രതികളും തമ്മിലുള്ള ബന്ധമോ വ്യക്തമല്ലെന്നും ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ (എക്സ്) അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, അറസ്റ്റിലായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. പ്രതിരോധ നടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. പ്രധാനമന്ത്രി കീർ സ്റ്റാർമർ ഉൾപ്പെടെയുള്ള പ്രമുഖർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.