പ്രധാനമന്ത്രി തലസ്ഥാനത്തെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സുരക്ഷാ ഏജൻസികളെ ആശങ്കയിലാക്കി വീണ്ടും ബോംബ് ഭീഷണി. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ മൂന്നിടങ്ങളിൽ പൈപ്പ് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് ഇ മെയിൽ സന്ദേശം. രാത്രി ഏഴരയോടെ പ്രധാനമന്ത്രി എത്താൻ ഇരിക്കെ തിരുവനന്തപുരം നഗരം കനത്ത സുരക്ഷാ വലയത്തിലാണ്.
തിരുവനന്തപുരം കോർപ്പറേഷൻ, ജില്ലാ കോടതി, സി ഇ ടി എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ പൈപ്പ് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നാണ് കഴിഞ്ഞദിവസം രാത്രി അജ്ഞാത വിലാസത്തിൽ നിന്ന് അയച്ചിരിക്കുന്ന ഈമെയിൽ സന്ദേശത്തിലെ പരാമർശം. ഡിറ്റനേറ്റർ ഉപയോഗിച്ചുകൊണ്ട് മൂന്നിടങ്ങളിലും സ്ഫോടനം നടത്തുമെന്നും അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിലുള്ള പ്രതികാരമാണ് കാരണമെന്നും സന്ദേശത്തിൽ പരാമർശം ഉണ്ട്. പോലീസും ബോംബ് സ്ക്വാഡും മൂന്നിടങ്ങളിലും വ്യാപകമായ പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം, രാത്രി ഏഴരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിയെ ശംഖുമുഖത്തെ എയർപോർട്ട് ടെക്നിക്കൽ ഏരിയയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് റോഡ് മാർഗ്ഗം അദ്ദേഹം രാജ്ഭവനിൽ എത്തും. ഈ പശ്ചാത്തലത്തിൽ ശംഖുമുഖം മുതൽ രാജഭവൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.