ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് സുപ്രീം കോടതിയിൽ അന്തിമവാദം നടക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ വോട്ടർപട്ടിക പുറത്തിറക്കിയ പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ തീരുമാനം നിർണായകമാകും.
നിയമവിരുദ്ധമായ രീതികൾ കണ്ടെത്തിയാൽ പുതിയ പട്ടിക റദ്ദാക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഈ വിഷയത്തിലെ കോടതിയുടെ നിലപാട് കൂടുതൽ പ്രാധാന്യം അർഹിക്കുന്നുണ്ട്.