കരുർ ദുരന്തവുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. ടി.വി.കെ.യുടെ (തമിഴ് വെട്രി കഴകം) സംസ്ഥാന ഭാരവാഹികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
കഴിഞ്ഞ മാസം 27-ന് നടന്ന കരുർ ദുരന്തത്തിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർ മരിച്ചിരുന്നു. ഈ മനുഷ്യനിർമ്മിത ദുരന്തത്തിൽ വിജയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. വിജയ്‌ക്കെതിരെ കേസ് എടുക്കാത്തതിലും അന്വേഷണം മന്ദഗതിയിലായതിലും കോടതി സർക്കാരിനോട് വിശദീകരണം തേടി. സംസ്ഥാന സർക്കാരിന്റെ മറുപടികൾ തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ കോടതി തീരുമാനിച്ചത്.
അന്വേഷണ സംഘം ഉടൻ തന്നെ കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുകയും അന്വേഷണം ഊർജിതമാക്കി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. ടി.വി.കെ.യുടെ കൂടുതൽ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും നിലവിലുണ്ട്.
ഈ സാഹചര്യത്തിൽ, വിജയ് കരുരിൽ എത്തുമെന്നും, മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുമെന്നും ദുരന്തസ്ഥലം സന്ദർശിക്കുമെന്നും സൂചനകളുണ്ട്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ പ്രവർത്തകർക്ക് നിർദേശം നൽകിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.