Share this Article
KERALAVISION TELEVISION AWARDS 2025
പി.ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്
 PT Kunju Muhammed

ലൈംഗിക അതിക്രമക്കേസിൽ പ്രതിയായ പ്രശസ്ത സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് ഉത്തരവ് പറയും. കേസിൽ ഇരുഭാഗത്തിന്റെയും വാദങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തിയും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നയാളുമായ പ്രതി നടത്തിയ അതിക്രമം അതീവ ഗൗരവമുള്ളതാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയുടെ സ്വാധീനം അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും മുൻകൂർ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സർക്കാർ നിലപാട്.


എന്നാൽ, തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും ഒരു ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നതെന്നും പി.ടി. കുഞ്ഞുമുഹമ്മദിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വ്യക്തിപരമായ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും പ്രതിഭാഗം വാദിച്ചു.


രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരിക്കെ പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികമായി അതിക്രമിച്ചുവെന്ന സംവിധായികയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. നവംബർ 27-നാണ് സംവിധായിക മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്ന് ഡിസംബർ 8-ന് പോലീസ് കേസെടുക്കുകയായിരുന്നു. സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ ചർച്ചയായ ഈ കേസിൽ കോടതിയുടെ ഇന്നത്തെ വിധി നിർണ്ണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories