സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് വി.ജി. അരുൺ ആണ് കേസ് പരിഗണിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി നവംബർ 4-ന് ആരംഭിച്ച വോട്ടർ പട്ടിക പുതുക്കൽ നടപടികൾ നിർത്തിവെക്കണമെന്നും, തിരഞ്ഞെടുപ്പ് പൂർത്തിയായി ഡിസംബർ 20-ന് ശേഷം മാത്രം പുനരാരംഭിക്കണമെന്നുമാണ് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 4-ന് ആരംഭിച്ച് എട്ട് ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം പേരുടെ എൻറോൾമെന്റ് ഫോമുകൾ ലഭിച്ചിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് തടസ്സപ്പെടുത്തണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
എങ്കിലും, വോട്ടർ പട്ടിക പുതുക്കൽ നടപടികൾക്ക് അടിയന്തര സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാകും ഉചിതമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വോട്ടർ പട്ടിക സംബന്ധിച്ച മറ്റ് സംസ്ഥാനങ്ങളിലെ കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.