ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു. 38 ജില്ലകളിലായി ഒരുക്കിയിട്ടുള്ള 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആദ്യ സൂചനകൾ 9 മണിയോടെ ലഭ്യമായിത്തുടങ്ങി, അന്തിമ ഫലം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണത്തെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. 1951-ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായ 67.13% ആണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഏകദേശം എല്ലാ എക്സിറ്റ് പോളുകളും ഭരണകക്ഷിയായ എൻഡിഎക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. എൻഡിഎ 130 മുതൽ 167 സീറ്റുകൾ വരെ നേടുമെന്നും, പ്രതിപക്ഷ മഹാസഖ്യം (ഇന്ത്യ ബ്ലോക്ക്) 70 മുതൽ 100 സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചനങ്ങൾ. 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎയും മഹാസഖ്യവും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ മഹാസഖ്യത്തിനായി പ്രചാരണത്തിനെത്തി. എൻഡിഎയുടെ ഭാഗത്തുനിന്നും വലിയ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണ്.[2] പോളിംഗ് ശതമാനത്തിലെ വർദ്ധനവ് ഇരു പാർട്ടികളും തങ്ങളുടെ വിജയസാധ്യതയ്ക്ക് അനുകൂലമാണെന്ന് അവകാശപ്പെടുന്നുണ്ട്.
വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂറിനകം തന്നെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഒരു പൊതു ചിത്രം വ്യക്തമാകും. ബിഹാറിൽ ആരാണ് ഭരിക്കുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം