ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കസ്റ്റഡിയിൽ വിട്ടുനൽകി. ഒരു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കൊല്ലം വിജിലൻസ് കോടതി അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ ശേഷം പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കട്ടിളപ്പാളി കേസിന് പിന്നാലെ ദ്വാരപാലക ശിൽപ കവർച്ച കേസിലും പത്മകുമാറിനെ എസ്ഐടി പ്രതി ചേർത്തിരുന്നു. ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വർണക്കവർച്ചയിൽ ഉന്നതതല ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
അതേസമയം, പത്മകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കൂടാതെ, ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ റിമാൻഡ് കാലാവധി നീട്ടുന്നതിനായി അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ കള്ളപ്പണ ഇടപാടുകൾ പരിശോധിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രേഖകൾ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ വിജിലൻസ് കോടതി ഈ മാസം പത്തിന് പരിഗണിക്കും.