ഡൽഹി മദ്യനയ അഴിമതി കേസിൽ അന്വേഷണ ഏജൻസിയായ സിബിഐക്ക് വലിയ ആശ്വാസം. കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിധിയിൽ സിബിഐക്ക് എതിരെയുള്ള വിചാരണ കോടതിയുടെ നിരീക്ഷണങ്ങൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സിബിഐ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട വിചാരണ കോടതി നടപടിയും ഹൈക്കോടതി തടഞ്ഞു.
വിചാരണ കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. കേസിൽ അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. എന്നാൽ വിചാരണ കോടതിയുടെ വിധി പൂർണ്ണമായി സ്റ്റേ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ വാദം നിർത്തിവെക്കാൻ വിചാരണ കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചു.
അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാൾ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ കേസെടുത്തതെന്നും വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും വിചാരണ കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. പൊതുപ്രവർത്തകൻ കുൽദീപ് സിംഗിനെ ഒന്നാം പ്രതിയാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതായും അവർക്കെതിരെ അന്വേഷണം വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിയിൽ തുടർവാദം കേൾക്കുന്നത് വരെ സിബിഐക്ക് എതിരായ പരാമർശങ്ങൾക്കും അന്വേഷണത്തിനും സ്റ്റേ തുടരും. അതേസമയം, കെജ്‌രിവാളിന്റെ മറുപടി കൂടി പരിഗണിച്ച ശേഷമാകും അപ്പീലിൽ കോടതി അന്തിമ തീരുമാനമെടുക്കുക.