പശ്ചിമ ബംഗാളിൽ ചരിത്രം കുറിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടി സർക്കാർ അധികാരത്തിലേറി. ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി പ്രമുഖ നേതാക്കൾ സാക്ഷ്യം വഹിച്ചു.
മുഖ്യമന്ത്രിയോടൊപ്പം അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. അഗ്നിമിത്ര പോൾ, അശോക് കീർത്താനിയ, സുധിരാം ടുഡു, നിസിത് പ്രമാണിക് എന്നിവരാണ് ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ഇടംപിടിച്ചത്. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലാണ് സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്തത്.
മമത ബാനർജിയുടെ 15 വർഷത്തെ തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ബിജെപി ബംഗാളിൽ അധികാരത്തിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം കൈവരിച്ചത്. ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിയെ 15,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയെ ഇന്നലെയാണ് ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
2021-ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരി, പാർട്ടിക്ക് സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ടാഗോർ ജയന്തി ദിനത്തിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നുവെന്ന പ്രത്യേകതയുമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.