കൊച്ചി: AMMA അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനം എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. ശ്വേതയുടെ നേതൃത്വത്തിലുള്ള പഴയ കമ്മിറ്റിക്ക് പ്രവർത്തനം തുടരാമെന്നും കോടതി ഉത്തരവിട്ടു. ഈ കമ്മിറ്റ്ക്ക് തീരുമാനങ്ങൾ എടുക്കുന്നതിന് തടസങ്ങൾ ഇല്ലെന്നും കോടതി പറഞ്ഞു. ശ്വേതാ മേനോന്റെ ഹർജിയിലാണ് കോടതി ഉത്തരവ്. അഡ്ഹോക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന വാദം നിലനിൽക്കുമെന്ന് മുൻസിഫ് കോടതി നിരീക്ഷിച്ചു. വാദം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നാണ് മുൻസിഫ് കോടതി ചൂണ്ടിക്കാണിച്ചത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇടക്കാല ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കും മുൻസിഫ് കോടതി വിലക്ക് ഏർപ്പെടുത്തി.
AMMA അഡ്ഹോക്ക് കമ്മിറ്റി കൺവീനർ രമേഷ് പിഷാരടി എംഎൽഎക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രമേഷ് പിഷാരടി 10 ദിവസത്തിനകം മറുപടി നൽകണമെന്നും ഇടക്കാല ഉത്തരവിൽ എറണാകുളം മുൻസിഫ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശ്വേത മേനോൻറെ ഹർജി ഈ മാസം 13ന് കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, താരസംഘടനയിൽ തർക്കം രൂക്ഷമായതിന് പിന്നാലെ അമ്മയിലെ ഒരു വിഭാഗം നടിമാർ നാളെ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ പത്തിന് കൊച്ചിയിലാണ് വാർത്തസമ്മേളനം. അൻസിബ, മാലാ പാർവതി, ഉഷ, ഹസീന തുടങ്ങിയവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കുക.