അമരാവതി: ആന്ധ്രയിൽ കരതൊട്ട് മോന്ത ചുഴലിക്കാറ്റ്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ആന്ധ്രാപ്രദേശിന്റെ തീരപ്രദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രയിൽ ഏഴു ജില്ലകളിൽ രാത്രിയാത്ര നിരോധിച്ചു.
ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപത്ത് കൂടി ചുഴലിക്കാറ്റ് കരയിലേക്ക് കയറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3-4 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കും. മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ കടലാക്രമണം രൂക്ഷമായി. ഒഡീഷയിലെ തെക്കൻ ജില്ലകളിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ബംഗാളിലും ചുഴലിക്കാറ്റിന്റെ ഭാഗമായി മഴ ശക്തമായി.