Share this Article
കാറിൻ്റെ പിൻസീറ്റിൽ സ്ത്രീയില്ല, അത് പ്രേതമോ? എഐ ക്യാമറ പകർത്തിയ ചിത്രത്തിലെ അജ്ഞാതയായ സ്ത്രീ
വെബ് ടീം
posted on 04-11-2023
1 min read

കണ്ണൂർ: പിഴ ചുമത്തിക്കൊണ്ട് എഐ ക്യാമറയില്‍ പതിഞ്ഞ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിക്കൊണ്ട് കാറുടമയ്ക്ക് കിട്ടിയ എ.ഐ ക്യാമറ പകർത്തിയ ചിത്രത്തിൽ പ്രേതവും ഉണ്ടെന്നാണ് പ്രചരിക്കുന്നത്. കാറിനകത്ത് വണ്ടിയോടിക്കുന്ന ആളുടെ പുറകിൽ പിൻസീറ്റിലായി അജ്ഞാതയായ ഒരു സ്ത്രീ ഇരിക്കുന്നതായി ചിത്രത്തിൽ കാണാം. എന്നാൽ, കാറിലുണ്ടായിരുന്നവർക്ക് ഈ സ്ത്രീ ആരാണെന്ന് അറിയില്ലെന്നും, ഇത് മുൻപ് ആത്മഹത്യ ചെയ്ത ഒരു സ്ത്രീയാണെന്നുമായിരുന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

കാസർകോട് കൈതക്കാട് സ്വദേശിയായ യുവാവും അടുത്ത ബന്ധുവായ യുവതിയും യുവതിയുടെ രണ്ട് മക്കളുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. എഐ ക്യാമറയിൽ പതിഞ്ഞിരിക്കുന്ന ചിത്രത്തിലുള്ള പിൻസീറ്റിലിരുന്ന യുവതി ഇവർക്കൊപ്പമുണ്ടായിരുന്നില്ല എന്ന് പറയുന്നു. കൈതക്കാട് നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന കാറിൻ്റെ ദൃശ്യം കേളോത്തെ എ ഐ ക്യാമറയിലാണ് പതിയുന്നത്.

പക്ഷേ, പിൻസീറ്റിലിരുന്ന രണ്ടു കുട്ടികളുടെ ഇമേജ് കാണാനുമില്ല. ഫോട്ടോ വ്യാപകമായി പ്രചരിപ്പിക്കട്ടെതോടെ കാറുടമയായ കൈതക്കാട് സ്വദേശി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ടു. ചിത്രത്തില്‍ എങ്ങനെ സ്ത്രീരൂപം കയറിക്കൂടിയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുന്‍സീറ്റില്‍ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യതയുണ്ടെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് സംശയിക്കുന്നത്. അല്ലെങ്കില്‍ എഐ ക്യാമറ പകർത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവുകൊണ്ട് പതിഞ്ഞതുമാകാം. എന്നാല്‍, ഇതുസംബന്ധിച്ച് വ്യക്തത വരുത്താന്‍ എം.വി.ഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ മോട്ടോര്‍ വാഹനവകുപ്പ് ഇതുസംബന്ധിച്ച് കെല്‍ട്രോണിനോട് കാര്യങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.റിഫ്ലക്ഷനോ എഐ ക്യാമറയിൽ ദൃശ്യം പതിഞ്ഞപ്പോഴുണ്ടായ സാങ്കേതിക പ്രശ്നമോ ആകാം കാരണമെന്നാണ് നിലവിൽ അധികൃതരുടെ വിശദീകരണം. കാറിൽ ഉണ്ടായിരുന്ന പയ്യന്നൂർ സ്വദേശിനിയായ യുവതിയുടെ ഭർത്താവായ പി. പ്രദീപ് കുമാർ സംഭവത്തെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെ.

‘കാറില്‍ പ്രേതമാണോ എന്നൊന്നും അറിയില്ല. നമ്മള്‍ കണ്ടിട്ടില്ല. അതെങ്ങനെയാണെന്ന് കൃത്യമായി അറിയണമെങ്കില്‍ ആര്‍ടിഒയുമായി ബന്ധപ്പെടണം. ക്യാമറയുടെ തെറ്റാണെന്നാണ് അറിയാന്‍ കഴിയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനായി കെല്‍ട്രോണിന് ദൃശ്യങ്ങള്‍ കൈമാറിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ സത്യമല്ല’ എന്നാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories