മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ പ്രശസ്ത സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിനെതിരെ കോട്ടയം പൊലീസ് കേസെടുത്തു. കോട്ടയം നാട്ടകത്ത് വെച്ച് കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. താരം ഓടിച്ച കാർ ഒരു ലോട്ടറി വില്പനക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ തടിച്ചുകൂടിയ നാട്ടുകാരോടും തുടർന്ന് സ്ഥലത്തെത്തിയ പോലീസിനോടും താരം അക്രമാസക്തനായാണ് പെരുമാറിയത്. നാട്ടുകാരെയും പൊലീസുകാരെയും താരം മർദ്ദിക്കാൻ മുതിർന്നതായും വിവരമുണ്ട്. അത്യധികം ലഹരിയിലായിരുന്ന താരത്തെ പൊലീസ് ഏറെ പണിപ്പെട്ടാണ് കീഴ്‌പ്പെടുത്തിയത്. ഒടുവിൽ ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് നീക്കിയത്.
അപകടത്തിൽ പരിക്കേറ്റ ലോട്ടറി വില്പനക്കാരന്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സിദ്ധാർത്ഥിനെതിരെ കേസെടുത്തിരിക്കുന്നത്.
നിരവധി ജനപ്രിയ മലയാളം സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് സിദ്ധാർത്ഥ് പ്രഭു. താരത്തിന്റെ ഈ പെരുമാറ്റം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇയാൾ പൊലീസിനോട് തട്ടിക്കയറുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.