രാജ്യം ഉറ്റുനോക്കിയ ധർമ്മസ്ഥല കൂട്ടക്കൊല ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (SIT) ബൃഹത്തായ റിപ്പോർട്ട് സമർപ്പിച്ചു. 4000 പേജുകളുള്ള അന്വേഷണ റിപ്പോർട്ട് ബെൽത്തങ്ങാടി കോടതിയിലാണ് സമർപ്പിച്ചത്. വിവാദ കാലയളവിൽ പ്രദേശത്ത് ഉണ്ടായ ദുരൂഹ തിരോധാനങ്ങൾ, കണ്ടെത്തിയ തലയോട്ടികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ റിപ്പോർട്ടിലുണ്ട്.
ആരോപണങ്ങളുടെ കേന്ദ്രബിന്ദുവായ ധർമ്മസ്ഥല ക്ഷേത്ര ഭരണകൂടത്തിന് റിപ്പോർട്ടിൽ ഇതുവരെ ക്ലീൻ ചീറ്റ് നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തിരോധാനങ്ങളെക്കുറിച്ചും കണ്ടെത്തിയ മനുഷ്യ അവശിഷ്ടങ്ങളെക്കുറിച്ചും അന്വേഷണം തുടരുന്നതിനാലാണ് ക്ലീൻ ചീറ്റ് നൽകാത്തത് എന്നാണ് സൂചന.
1995 മുതൽ 2015 വരെയുള്ള കാലയളവിൽ നൂറിലധികം മൃതദേഹങ്ങൾ ഇവിടെ മറവ് ചെയ്തതായും ഇതിൽ പലരും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായവരാണെന്നും ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്ന സി.എൽ. ചിന്മയ നടത്തിയ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് വഴിവെച്ചത്. ചിന്മയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
തുടക്കത്തിൽ ഇതൊരു കെട്ടുകഥയാണെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നെങ്കിലും, ശുചീകരണ തൊഴിലാളിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് വലിയൊരു ഗൂഢാലോചനയുടെ സാധ്യതകൾ പുറത്തുവന്നത്. കേസിൽ ചില ആക്ടിവിസ്റ്റുകൾക്കും പങ്കുള്ളതായി പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നു. മഹേഷ് ഷെട്ടി തിിമറോഡി ഉൾപ്പെടെയുള്ളവർക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടെടുത്ത തലയോട്ടികളും മറ്റു തെളിവുകളും കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കോടതിയുടെ അടുത്ത നടപടികൾ നിർണ്ണായകമാകും.