38 ദിവസത്തെ സസ്പെൻഷന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിലെത്തിയത് കെ.പി.സി.സിയുടെ മൗനാനുവാദത്തോടെയാണെന്ന് സൂചന. സസ്പെൻഷനിലായതിനാൽ കോൺഗ്രസ് പരിപാടികളിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. മാങ്കൂട്ടത്തിലിന്റെ സന്ദർശനത്തിൽ പാലക്കാട് ഡി.സി.സി നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത്. ഒരു സ്വകാര്യ സന്ദർശനമായാണ് അദ്ദേഹം മണ്ഡലത്തിലെത്തിയത്. അന്തരിച്ച മുൻ മണ്ഡലം പ്രസിഡന്റിന്റെയും ഒരു മുതിർന്ന കോൺഗ്രസ് പ്രവർത്തകന്റെയും വീടുകൾ സന്ദർശിച്ച രാഹുൽ, പൊതുജനങ്ങളെ കണ്ട് നിവേദനങ്ങൾ സ്വീകരിക്കുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടുവെങ്കിലും താൻ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. ആണെന്നും, മണ്ഡലത്തിലെ ജനങ്ങളെ കാണാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും തനിക്ക് അവകാശമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വരും ദിവസങ്ങളിലും താൻ പാലക്കാട് തുടരുമെന്നും പരിപാടികളിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.