പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണമാണ് രാഹുലിനെതിരെ പൊലീസ് ഉയർത്തിയിട്ടുള്ളത്.
ബംഗളൂരു സ്വദേശിനിയായ പരാതിക്കാരിയെ രാഹുൽ മാങ്കൂട്ടത്തിൽ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. കേസിൻ്റെ സ്വാഭാവികമായ നടത്തിപ്പിനെ എം.എൽ.എ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.ഐ.ടി കോടതിയെ സമീപിച്ചത്.
എന്നാൽ പൊലീസിൻ്റെ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. പരാതിക്കാരിയെ ഒരു തരത്തിലും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കിയിരുന്നു. രാഹുലിനെ സംബന്ധിച്ചിടത്തോളം കോടതി വിധി രാഷ്ട്രീയമായും നിയമപരമായും ഏറെ നിർണ്ണായകമാകും. ജാമ്യം റദ്ദാക്കപ്പെട്ടാൽ എം.എൽ.എയ്ക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരും. കോടതിയുടെ തീരുമാനം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.