ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനങ്ങൾ വിധിയെഴുതുന്നത്. ദിവസങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മഹാസഖ്യത്തിന്റെയും എൻഡിഎയുടെയും പ്രമുഖ നേതാക്കൾ അവസാന ദിവസങ്ങളിൽ ബീഹാറിൽ ശക്തമായ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി നിതീഷ് കുമാർ, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് റാലികളിലും പൊതുപരിപാടികളിലും സജീവമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എൻഡിഎ നേതാക്കൾ കേന്ദ്രസർക്കാരിന്റെ ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് വോട്ടർമാരെ സമീപിച്ചത്. അതേസമയം, പ്രതിപക്ഷ വോട്ടുകൾ എങ്ങനെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കണ്ടു. കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. പോളിംഗ് ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.