Share this Article
KERALAVISION TELEVISION AWARDS 2025
മൊസാംബിക്കിലെ ബോട്ട് അപകടത്തിൽ കാണാതായ കൊല്ലം തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
വെബ് ടീം
posted on 20-10-2025
1 min read
MOZAMBIQUE

മൊസാംബിക്കിലെ ബെയ്‌റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കണ്ടെത്തിയ മൃതശരീരം മലയാളിയുടേതെന്ന്  തിരിച്ചറിഞ്ഞു. അപകടത്തില്‍ കാണാതായ കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് തിരിച്ചറിഞ്ഞ മൃതദേഹമെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.ഭാര്യയും നാലു വയസും രണ്ടു മാസവും പ്രായമുളള കുഞ്ഞു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്‍റെ ഏക ആശ്രയമാണ് ശ്രീരാഗ്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. എംടി സീ ക്വസ്റ്റ് എന്ന എണ്ണ കപ്പലിലേക്ക് ഇന്ത്യന്‍ ജീവനക്കാരെ കൊണ്ടു പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. അപകടം നടക്കുന്ന സമയം 21 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ബെയ്റ തുറമുഖത്ത് കപ്പൽ അപകടത്തിൽപ്പെട്ടത്. ഇതിൽ കാണാതായ 2 മലയാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നതിനിടെയാണ് ഒരു മൃതദേഹം കണ്ടെത്തിയത്.തിരച്ചിലില്‍ കണ്ടെത്തിയ മൃതദേഹത്തിലെ വസ്ത്രങ്ങള്‍ അപകടത്തില്‍ രക്ഷപെട്ടവര്‍ തിരിച്ചറിയുകയും അത് ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായ ശ്രീരാഗ് രാധാകൃഷ്ണന്റേതാണെന്ന് സ്ഥിരീകരണം നടത്തിയിട്ടുള്ളതായും ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു.

മൃതശരീരം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയയ്ക്കുവാന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഷിപ്പിംഗ് ഡയറക്ടറേറ്റിന്റെ ചിലവില്‍ തന്നെ നാട്ടിലേക്ക് അയയ്ക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ആശ്വാസധനസഹായം അടിയന്തിരമായി വിതരണം ചെയ്യുമെന്നും എം.പി യുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories