Share this Article
News Malayalam 24x7
'ഞാന്‍ ഒടുങ്ങും, കത്തി ജ്വലിക്കും, നേര്‍ത്ത പുക പോലെ..'; എഴുതിയ വരികള്‍ പോലെ ഇറാനിലെ യുവ കവയിത്രി പര്‍ണിയയും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു
വെബ് ടീം
posted on 17-06-2025
1 min read
parnia abbasi

ടെഹ്‌റാൻ: ന്യൂസ് ചാനൽ കെട്ടിടം വരെ തകർത്ത് തുടരുന്ന  ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇറാനിലെ യുവ കവയിത്രി പര്‍ണിയ അബ്ബാസിയും. ടെഹ്‌റാനിലുണ്ടായ ആക്രമണത്തില്‍ പര്‍ണിയയുടെ അച്ഛനും അമ്മയും സഹോദരനും ഉള്‍പ്പെടെ എല്ലാവരും മരിച്ചു.ഇറാനിലെ പുതുതലമുറ കവികളില്‍ ശ്രദ്ധേയയായിരുന്നു പര്‍ണിയ. കാസ്‌വിന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിവര്‍ത്തന സാഹിത്യത്തില്‍ ബിരുദം. അധ്യാപികയായും ബാങ്ക് ജീവനക്കാരിയായും ജോലി നോക്കി. ജീവിത അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്താണ് കവിതയെന്ന് പ്രഖ്യാപിച്ച എഴുത്തുകാരിയായിരുന്നു അവര്‍. സംഘര്‍ഷത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും നിരന്തരം പര്‍ണിയയുടെ തൂലിക ശബ്ദിച്ചു.

ഇരുപത്തിനാലാം പിറന്നാളിന് പത്തുനാള്‍ മുന്‍പായിരുന്നു ഇസ്രയേല്‍ മിസൈലുകള്‍ ആ ജീവനെടുത്തത്.'എവിടെയോ നീയും ഞാനും അവസാനിക്കും,ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും,ഞാന്‍ ഒടുങ്ങും, കത്തി ജ്വലിക്കും, നേര്‍ത്ത പുക പോലെ നിന്റെ ആകാശത്തെ കെട്ടുപോയ നക്ഷത്രമാകും'പര്‍ണിയ എഴുതിയ വരികള്‍ പോലെ തന്നെയായിരുന്നു അവരുടെ വിടവാങ്ങലും. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ആ വരികള്‍ അടക്കാനാവാത്ത വേദനയായി പടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories