ഓൺലൈൻ ലേല ആപ്പായ 'സേവ് ബോക്‌സ്' നിക്ഷേപത്തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചു. ജനുവരി 7-ന് ചോദ്യം ചെയ്യലിനായി ഇ.ഡി.ക്ക് മുൻപാകെ ഹാജരാകണമെന്നാണ് നിർദ്ദേശം.
സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് ഇ.ഡി. അന്വേഷണം നടത്തുന്നത്. ഈ ആപ്പിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലാണ് ഇ.ഡി. ജയസൂര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിൽ കഴിഞ്ഞ ദിവസം ജയസൂര്യയെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ സേവ് ബോക്‌സ് സ്ഥാപന ഉടമയായ തൃശ്ശൂർ സ്വദേശി സ്വാതിക് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023-ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചത്. ഇതിന്റെ തുടർച്ചയായാണ് കേസിൽ ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്.തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. നടത്തുന്ന അന്വേഷണത്തിൽ, ജയസൂര്യയുടെ മൊഴിയെടുക്കുന്നത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് നിർണായകമായേക്കും.