രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് പിടികൂടാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങളിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ മാങ്കൂട്ടത്തിൽ എവിടെയാണെന്ന് പൊലീസിനേക്കാൾ നന്നായി അറിയാവുന്നത് കോൺഗ്രസ് നേതാക്കൾക്കാണെന്നും, അദ്ദേഹത്തെ ഒളിവിൽ പോകാൻ സഹായിച്ചത് സ്വന്തം സഹപ്രവർത്തകർ തന്നെയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
രാഹുലിനെ പൊലീസിന് കണ്ടെത്താനായില്ല എന്നത് ശരിയാണ്. എന്നാൽ രാഹുൽ എവിടെയുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കുകയായിരുന്നു എന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെ അറസ്റ്റ് ചെയ്യാതിരിക്കേണ്ട ആവശ്യം പൊലീസിനില്ല, അത് അവരുടെ ജോലിയുടെ ഭാഗമാണ്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിനെ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാനും ഒളിവിൽ കഴിയാനും സഹായിച്ചത് കോൺഗ്രസ് നേതാക്കളാണ്. പൊലീസ് നാടകം കളിക്കുന്നു എന്ന് ആരോപിക്കുന്നവർക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ രാഹുൽ എവിടെയുണ്ടെന്ന് പൊലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടത്. അതല്ലാതെ പ്രചരണത്തിന് വേണ്ടി മാത്രം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.