ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയെ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് പ്രഖ്യാപനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുന്‍ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശന്‍ റെഡ്ഡി. കോണ്‍ഗ്രസാണ് യോഗത്തില്‍ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്. സുദര്‍ശന്‍ റെഡ്ഡിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം അനുകൂല നിലപാട് സ്വീകരിച്ചു. ആന്ധ്ര സ്വദേശിയെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ എന്‍ഡിഎയ്ക്ക് ഒപ്പമുള്ള തെലുങ്ക് ദേശം പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുകയാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ അടക്കം പേരുകളാണ് ഇന്ത്യ സഖ്യത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നത്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിക്കുവേണ്ടി നിരന്തരം നിലകൊള്ളുന്ന ധീരനായ പോരാളിയാണ് സുദര്‍ശന്‍ റെഡ്ഡിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. 21ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.