ശബരിമല സ്വർണക്കവർച്ചാ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി കാലാവധി.
കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പത്മകുമാറിന്റെ ബന്ധമാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കൂടാതെ പത്മകുമാറിന്റെ വിദേശയാത്രകളിലെ ദുരൂഹതകളും അന്വേഷണ പരിധിയിലുണ്ട്.
സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ പത്മകുമാറിൽ നിന്നാണ് തുടങ്ങിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ ദേവസ്വം ബോർഡിന് മുന്നിലെത്തിച്ചത് പത്മകുമാറാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
2019-ൽ പത്മകുമാർ പ്രസിഡന്റായിരുന്ന ഭരണസമിതിയുടെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ. കസ്റ്റഡി കാലാവധി അവസാനിക്കുന്ന നാളെ വൈകിട്ട് അഞ്ച് മണിക്ക് അദ്ദേഹത്തെ തിരികെ കോടതിയിൽ ഹാജരാക്കും. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുൻ ദേവസ്വം പ്രസിഡന്റിന്റെ അറസ്റ്റും ചോദ്യം ചെയ്യലും രാഷ്ട്രീയമായും ഏറെ ചർച്ചകൾക്ക് വഴിവെച്ചേക്കും.