നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈദുഗുരിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഒരു മുസ്ലിം പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ഇന്നലെ വൈകിട്ട് നിസ്കാരത്തിനായി വിശ്വാസികൾ പള്ളിയിൽ എത്തിയ സമയത്തായിരുന്നു ദാരുണമായ ഈ സംഭവം. സ്ഫോടനത്തിൽ 35 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെങ്കിലും, മേഖലയിൽ സജീവമായ ബൊക്കോ ഹറാം തീവ്രവാദ സംഘടനയുടെ ചാവേറാക്രമണമാണോ ഇതെന്ന് അധികൃതർ സംശയിക്കുന്നു. 2009 മുതൽ ഈ മേഖലയിൽ സജീവമായ ബൊക്കോ ഹറാം, നിരന്തരമായി ഇത്തരം ആക്രമണങ്ങൾ നടത്തിവരാറുണ്ട്.
സ്ഫോടനം നടന്ന പ്രദേശത്ത് സൈന്യവും പൊലീസും സുരക്ഷ ശക്തമാക്കി. 2021-ന് ശേഷം ഈ മേഖലയിൽ വലിയ തോതിലുള്ള കലാപങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും, ഈ സ്ഫോടനം വീണ്ടും പ്രദേശത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പരിക്കേറ്റവർ സമീപത്തെ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.