വഖഫ് നിയമഭേദഗതി ബില്ല് ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാസായി. വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിർത്തു. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്ക് ഒടുവിലാണ് ബില്ല് പാസാക്കിയത്. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.
ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ഒടുവിലാണ് രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. ഒരു മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍ 128 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 95 പേര്‍ എതിര്‍ത്തു. ബില്ലിലെ വ്യവസ്ഥകളില്‍ കേരള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ.എ.റഹീം, വി. ശിവദാസന്‍, ഹാരിസ് ബീരാന്‍, അബ്ദുല്‍ വഹാബ്, പി.സന്തോഷ് കുമാര്‍, പി.പി. സുനീര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു.
7 അംഗങ്ങളുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ്സും 4 വീതം അംഗങ്ങളുള്ള അണ്ണാ ഡിഎംകെയും ബിആര്‍എസും ബില്ലിനെ എതിര്‍ത്തു. കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ ജോസ് കെ മാണി ബില്ലിനെ പൊതുവില്‍ എതിര്‍ത്തു. വഖഫ് ബോര്‍ഡില്‍ മുസ്ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതില്‍ വോട്ടെടുത്തപ്പോള്‍ 107പേര്‍ അനുകൂലിക്കുകയും 69 പേര്‍ എതിര്‍ക്കുകയും ചെയ്തു.
അതേസമയം, ബില്ല് മതസ്വാതന്ത്ര്യത്തിന് എതിരല്ലെന്നും വഖഫ് സ്വത്തുക്കള്‍ നിയമവിധേയമാക്കണമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും.