Share this Article
News Malayalam 24x7
യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍
YouTuber Rajan Joseph

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാധ്യമങ്ങളിലൂടെ വീണ്ടും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിലായി. ആദ്യ കേസിൽ അറസ്റ്റിലായി കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെ വീണ്ടും അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പുതിയ പരാതിയിലാണ് അടൂർ പൊലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടർച്ചയായി അപകീർത്തികരമായ വീഡിയോകൾ പോസ്റ്റ് ചെയ്തതിനാണ് കഴിഞ്ഞ ശനിയാഴ്ച (ജൂലൈ 11) കൊച്ചിയിൽ വെച്ച് രാജൻ ജോസഫിനെ അടൂർ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന 25-ലധികം വീഡിയോകൾ ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നായിരുന്നു ആദ്യ പരാതി. ഈ കേസിൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.


എന്നാൽ ജാമ്യം നേടി പുറത്തിറങ്ങിയ ദിവസം തന്നെ രാജൻ ജോസഫ് വീണ്ടും തന്നെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിൽ പുതിയ വീഡിയോകൾ പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ശ്രീനാദേവി കുഞ്ഞമ്മ പൊലീസിന് വീണ്ടും പരാതി നൽകുകയായിരുന്നു. ഈ രണ്ടാമത്തെ പരാതിയിലാണ് ഇപ്പോൾ അടൂർ പോലീസിന്റെ പുതിയ നടപടി. ഈ കേസിലെ മറ്റൊരു പ്രതിയായ സിബിയെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.


കഴിഞ്ഞ ശനിയാഴ്ച രാത്രി രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച സമയത്ത് പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ ഒരു സംഘം ആളുകൾ ഇയാളെ മർദ്ദിക്കാൻ ശ്രമിച്ചിരുന്നു. ഈ സംഘർഷത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കണ്ടാലറിയാവുന്ന 20-ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജൻ ജോസഫ് വീണ്ടും അറസ്റ്റിലായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories