ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായി ജയിലിൽ അടയ്ക്കപ്പെട്ട രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂരിലെ എൻഐഎ പ്രത്യേക കോടതിയാണ് ഏറെ വിവാദമായ കേസിൽ ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ആശ്വാസകരമായ വിധി പുറപ്പെടുവിച്ചത്.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് കന്യാസ്ത്രീകളെ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇത് സംസ്ഥാനത്തും ദേശീയ തലത്തിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. സഭാനേതൃത്വവും കേരളത്തിൽ നിന്നുള്ള യുഡിഎഫ്, എൽഡിഎഫ് നേതാക്കളും വിഷയത്തിൽ ശക്തമായി ഇടപെടുകയും ഛത്തീസ്ഗഢിൽ ക്യാമ്പ് ചെയ്ത് നിയമനടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
കേസ് പ്രാരംഭഘട്ടത്തിലാണെന്നും ഗുരുതരമായ വകുപ്പുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തിരുന്നു. നേരത്തെ സെഷൻസ് കോടതിയെ സമീപിച്ചപ്പോൾ, കേസിന്റെ ഗൗരവം പരിഗണിച്ച് എൻഐഎ കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഇന്നലെയാണ് എൻഐഎ കോടതിയിൽ ഹർജി നൽകിയത്. വാദം കേട്ട കോടതി ഇന്ന് വിധി പറയുകയായിരുന്നു.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച വാർത്ത ഏറെ ആശ്വാസത്തോടെയാണ് കേരളം കേട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുവരും ഉടൻ ജയിൽ മോചിതരാകുമെന്നാണ് പ്രതീക്ഷ.