 
                                 
                        റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിലുള്ള ഏഴ് വയസ്സുകാരാനാണ് സെർജ്. കുഞ്ഞായിരിക്കുമ്പോൾ തന്നെ സെർജിന് കളിപ്പാട്ടത്തേക്കാൾ കമ്പം കമ്പ്യൂട്ടറിനോടായിരുന്നു. പൈത്തൺ, യൂണിറ്റി പോലുള്ള പ്രോഗ്രാമിംഗ് ലാംഗ്വേജ് പഠിക്കുന്നതിൽ വലിയ താല്പര്യം കാണിച്ച സെർജ് അഞ്ചാം വയസിൽ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചു.
യൂട്യൂബർമാരായിട്ടുള്ള മറ്റു കൊച്ചുകുട്ടികളെ പോലെ ആയിരുന്നില്ല സെർജ്. കോഡർമാർക്കുള്ള ഒരു പ്ലാറ്റ്ഫോമായാണ് തൻ്റെ യൂട്യൂബ് ചാനൽ അവൻ ഉപയോഗിച്ചത്. കോഡിംഗ് സംബന്ധിച്ചുള്ള ട്യൂട്ടോറിയലുകൾ, ഇതുസംബന്ധിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകൽ, മെഷീൻ ലേണിംഗ് പോലുള്ള വിപുലമായ വിഷയങ്ങളിലുള്ള ടോക്ക് എന്നിവയൊക്കെയാണ് അവൻ്റെ യൂട്യൂബിലെ കണ്ടൻ്റ്.
കോഡിംഗ് ഐഡിയകൾ പഠിപ്പിക്കാനുള്ള അവൻ്റെ കഴിവ് യുവാക്കളെ മാത്രമല്ല മുതിർന്നവരെയും ആകർഷിച്ചു, ചുരുങ്ങിയ സമയം കൊണ്ട് ആയിരക്കണക്കിന് ഫോളോവേഴ്സുള്ള ചാനലായി സെർജിൻ്റെ യൂട്യൂബ് ചാനൽ വളർന്നു.
നിരവധി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളെ അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വർക്കുകളെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് അവൻ്റെ ചാനൽ വളരെ ഉപയോഗപ്രദമാണെന്നാണ് പലരും പറയുന്നത്.
സെർജിൻ്റെ അതുല്യമായ കഴിവും അഭിനിവേശവും തിരിച്ചറിഞ്ഞ് ഇൻഫർമേഷൻ സെക്യൂരിറ്റി കമ്പനിയായ 'പ്രോ 32' അവന് ജോലിയും നൽകി. "ഹെഡ് ഓഫ് കോർപ്പറേറ്റ് ട്രെയിനിംഗ്" എന്ന പോസ്റ്റ് ആണ് അവന് വാഗ്ദാനം ചെയ്തത്.
റഷ്യൻ നിയമമനുസരിച്ച്, സെർജിന് 14 വയസ്സ് വരെ ശമ്പളമുള്ള ജോലി സ്വീകരിക്കാൻ കഴിയില്ല, അതിനാൽ Pro32 സെർജിന് 14 വയസ്സ് തികയുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതായത് സെർജിന് ജോലിയിൽ പ്രവേശിക്കാൻ ഇനിയും ഏഴ് വർഷം കാത്തിരിക്കേണ്ടതുണ്ട്.
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    