കുവൈത്തിൽ വീണ്ടും വൻ വിദേശമദ്യവേട്ട. ഷുവൈഖ് തുറമുഖം വഴി "കേബിൾ റീലുകൾ" എന്ന വ്യാജേന കടത്താൻ ശ്രമിച്ച വലിയ അളവിലുള്ള വിദേശമദ്യമാണ് കുവൈത്ത് കസ്റ്റംസ് പിടികൂടിയത്.കസ്റ്റംസ് അന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദ്ദേശപ്രകാരം കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിൻ്റെ ഭാഗമായി കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിരുന്നു.
യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന 20 അടി കണ്ടെയ്‌നറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്. കണ്ടെയ്‌നറിനുള്ളിൽ സോളിഡ് കേബിളുകളുള്ള വലിയ റീലുകളാണ് ഉണ്ടായിരുന്നത്.ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ജനറൽ ഫയർഫോഴ്സിന്റെ സഹായത്തോടെ കേബിൾ റീലുകൾ നീക്കം ചെയ്ത് വിശദമായി പരിശോധിച്ചു.പരിശോധനയിൽ 3037 കുപ്പിയോളം വിദേശമദ്യം കണ്ടെയ്‌നറിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുംവിധമുള്ള പാക്കിംഗ് സംവിധാനമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
നിയമനടപടികൾക്കായി കണ്ടെയ്‌നറും പിടികൂടിയ മദ്യവും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.