ശബരിമല സ്വർണക്കവർച്ചാ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര് എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. എസ്ഐടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് തന്ത്രിമാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്ന് തന്ത്രിമാർ മൊഴി നൽകി.
സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പങ്കില്ലെന്നും സ്വർണ്ണത്തിന്റെ ചുമതലയോ സൂക്ഷിപ്പോ തങ്ങളിൽ നിക്ഷിപ്തമല്ലെന്നും തന്ത്രിമാർ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് അറ്റകുറ്റപ്പണികൾക്കായി ദേവഹിതം നോക്കി അനുമതി നൽകുക മാത്രമാണ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞ പ്രകാരമാണ് കാര്യങ്ങൾ നീങ്ങിയതെന്നും തന്ത്രിമാർ മൊഴിയിൽ പറയുന്നു.
തന്ത്രിമാരുടെ മൊഴിയിൽ നിന്ന് കേസിന് സഹായകമായ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തന്ത്രിമാരെ ചോദ്യം ചെയ്തതെന്നും എസ്ഐടി വൃത്തങ്ങൾ അറിയിച്ചു. സ്വർണപ്പാളികൾ ഇളക്കി മാറ്റുന്നതിന് തന്ത്രിമാർ നൽകിയ അനുമതി സംബന്ധിച്ച കാര്യങ്ങളും എസ്ഐടി വിശദമായി ചോദിച്ചറിഞ്ഞു.