കയ്റോ: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്.മുന്നോട്ട് വച്ച വെടിനിർത്തൽ നിർദേശത്തിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് കരാറിന് ഹമാസ് സമ്മതിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു.
ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് ഹമാസ് സമ്മതം അറിയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയിൽ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന. 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് കരാറിന്റെ ആദ്യ ഘട്ടം. തുടർന്ന് രണ്ടു ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മധ്യസ്ഥർ നിർദേശിച്ചതായി ഒരു പലസ്തീൻ ഉദ്യോഗസ്ഥൻ എഎഫ്‌പിയോട് പറഞ്ഞു. ഗാസ വെടിനിർത്തൽ സംബന്ധിച്ച പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.അതേസമയം ഇസ്രയേൽ പുതിയ നിർദേശത്തോട് യോജിക്കുമോ എന്ന് വ്യക്തമല്ല. ഹമാസ് ആയുധങ്ങൾ വച്ച് കീഴടങ്ങണമെന്നാണ് ഇസ്രയേൽ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ആഴ്ച ഹമാസ് പ്രതിനിധി സംഘം കെയ്‌റോയിൽ ചർച്ചകൾ നടത്തുന്നതിനായി എത്തിയിരുന്നു. ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ചും ദീർഘകാല വെടിനിർത്തലിനെക്കുറിച്ചും ഹമാസും ഇസ്രയേലും തമ്മിലുള്ള പരോക്ഷ ചർച്ചകൾ താൽക്കാലികമായി ആരംഭിക്കാനും പുതിയ വെടിനിർത്തൽ കരാറിൽ നിർദേശമുണ്ട്.