നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീം ലീഗിൻ്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനം അന്തിമഘട്ടത്തിൽ. നിർണ്ണായകമായ പല മാറ്റങ്ങളുമായാണ് ഇത്തവണ ലീഗ് അങ്കത്തിനിറങ്ങുന്നത്. ലീഗ് മത്സരിക്കുന്ന 27 സീറ്റുകളിൽ 24 ഇടത്തും സ്ഥാനാർത്ഥി കാര്യത്തിൽ ഏകദേശ ധാരണയായിക്കഴിഞ്ഞു.
പി.കെ കുഞ്ഞാലിക്കുട്ടി നിലവിലെ മണ്ഡലമായ വേങ്ങരയിൽ നിന്ന് മാറി മലപ്പുറത്ത് മത്സരിക്കാനാണ് സാധ്യത. കുഞ്ഞാലിക്കുട്ടി മാറുന്നതോടെ വേങ്ങരയിൽ കെ.എം ഷാജി സ്ഥാനാർത്ഥിയായേക്കും. അഴീക്കോട് നിന്ന് മാറിയാകും ഷാജി വേങ്ങരയിൽ ജനവിധി തേടുക.
ആരോഗ്യപരമായ കാരണങ്ങളാൽ ഡോ. എം.കെ മുനീർ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. മുനീർ പ്രതിനിധീകരിച്ചിരുന്ന കൊടുവള്ളി മണ്ഡലത്തിൽ മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്ററുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. മുനീറിൻ്റെ പിന്മാറ്റം കോഴിക്കോട് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയേക്കും.
സാധാരണയായി വനിതകൾക്ക് കുറഞ്ഞ പ്രാധാന്യം മാത്രം നൽകുന്ന പതിവ് ഇത്തവണ ലീഗ് മാറ്റും. ഒന്നിലധികം വനിതകളെ ഇത്തവണ അങ്കത്തട്ടിലിറക്കാൻ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ കുന്നമംഗലത്തും, ജയന്തി രാജൻ കൂത്തുപറമ്പിലും ലീഗ് സ്ഥാനാർത്ഥികളായേക്കും.
കോഴിക്കോട് സൗത്തിൽ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെയാണ് പരിഗണിക്കുന്നത്. കളമശ്ശേരിയിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിൻ്റെ മകൻ വി.ഇ അബ്ദുൽ ഗഫൂർ സ്ഥാനാർത്ഥിയാകും.
മറ്റു പ്രമുഖ സ്ഥാനാർത്ഥികൾ:
മണ്ണാർക്കാട് - എൻ. ഷംസുദ്ദീൻ
പെരിന്തൽമണ്ണ - നജീബ് കാന്തപുരം
തിരൂർ - കുറുക്കോളി മൊയ്തീൻ
ഏറനാട് - പി.കെ ബഷീർ
കൊണ്ടോട്ടി - ടി.വി ഇബ്രാഹിം
തിരൂരങ്ങാടി - അഡ്വ. ഫൈസൽ ബാബു
മഞ്ചേശ്വരം - എ.കെ.എം അഷ്‌റഫ്
സിറ്റിംഗ് എം.എൽ.എമാരിൽ ഭൂരിഭാഗവും തങ്ങളുടെ മണ്ഡലങ്ങളിൽ തുടരുമെങ്കിലും ചിലയിടങ്ങളിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇന്നോ നാളെയോ ആയി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഔദ്യോഗിക പട്ടിക പ്രഖ്യാപിക്കും.